കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വയ്പ് ഇന്നലെ രാത്രി നടന്നു. ഇന്നു കൊട്ടിയൂർ പെരുമാളിന്റെ സ്വയംഭൂവിൽ ഇളനീരാട്ടം നടക്കും. വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍നിന്ന് എരുവട്ടി തണ്ടയാന് എള്ളെണ്ണയും ഇളനീരുമായി കൊട്ടിയൂരിലെത്തി. രാത്രി കാര്യത്ത് കൈക്കോളന്‍ തിരുവന്ഞ്ചിറയി ലെ കിഴക്കേനടയില്‍ തട്ടും പോളയും വിരിച്ച് കുടിപതി കാരണവര്‍ ഇളനീര് വയ്പിന് രാശി വിളിച്ചു. ഇതോടെയാണ് ഇളനീര് വയ്പ് ചടങ്ങ് ആരംഭിച്ചത്.
മന്ദംചേരിയിലെ ബാവലിക്കരയില്‍ രാശി വിളിക്കായി കാത്തിരുന്ന ഇളനീര് വ്രതക്കാർ വിളി കേട്ടതോടെപുഴയിലിറങ്ങി ഇളനീര്‍കാവുമായി മുങ്ങിനിവര്‍ന്ന് സന്നിധാനത്തിലേക്ക് ഓടിയെത്തിയാണു സമര്‍പ്പണം നടത്തിയത്. ഇളനീർകാവുകളുമായി തിരുവഞ്ചിറയിൽ മൂന്ന് പ്രദക്ഷിണം വച്ച് ഇളനീർ സമർപ്പണം നടത്തിയ വ്രതക്കാർ വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കിയാണ് മടങ്ങിയത്. ഇളനീരുകൾ ഇന്ന് വെട്ടിയൊരുക്കും തുടർന്നാണ് ഇളനീരാട്ടം നടക്കുക.
വൻ ഭക്തജനത്തിരക്ക്: ദർശനത്തിന് എട്ടു മണിക്കൂറിലേറെ കാത്തുനിന്ന് ഭക്തർ
കൊട്ടിയൂർ: കൊട്ടിയൂരിൽ ശനിയാഴ്ച ആരംഭിച്ച വൻ ഭക്തജനത്തിരക്ക് ഇന്നലെയും തുടർന്നു. അക്കരെ കൊട്ടിയൂരിൽ ദർശനത്തിനായുള്ള ക്യൂ നീണ്ടതോടെ എട്ടുമണിക്കൂറോളം ക്യൂവിൽ നിൽക്കേണ്ട സാഹചര്യവുമുണ്ടായി. ദർശനത്തിനും പ്രസാദ വിതരണത്തിനുമായി നീണ്ട ക്യൂകൾ രൂപപ്പെട്ടതോടെ വയോധികരും കുട്ടികളുമടങ്ങുന്ന ഭക്തർ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു.
ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. പുലർച്ചെ രണ്ടോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയും തുടർന്നു. കൊട്ടിയൂരിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതോടെ യാത്ര ദുഷ്കരമായി. ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കേളകം, കണിച്ചാർ മേഖലകളിൽ യാത്ര അവസാനിപ്പിക്കണമെന്ന ക്രമീകരണമാണ് ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് കെഎസ്ആർടിസി ബസുകളിലാണ് ഭക്തരെ കൊട്ടിയൂരിലേക്ക് എത്തിച്ചത്.